മാലോം: മാലോം ടൗണിൽ ചെണ്ടുമല്ലിപ്പൂക്കളുടെ വസന്തം വിരിയിച്ച് വ്യാപാരികൾ. റോഡരികിൽ ഒരുകാലത്ത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു വൃത്തിഹീനമായിരുന്ന സ്ഥലത്താണ് വ്യാപാരി വ്യവസായി ഏകോപനസമിതി മാലോം യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലിത്തോട്ടമൊരുക്കിയത്. ഓണക്കാലത്ത് വിരിഞ്ഞുതുടങ്ങിയ പൂക്കൾ ഇപ്പോൾ നിറയെ വിരിഞ്ഞ് മനോഹരമായി.
അച്ചൻകല്ലും പന്നിയാർമാനിയുമൊക്കെ കാണാനെത്തുന്ന സഞ്ചാരികൾ പോലും ഇപ്പോൾ ഇവിടെ വാഹനം നിർത്തി ഫോട്ടോയെടുക്കുന്നുണ്ട്. യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം, ജനറൽ സെക്രട്ടറി ബിജോ അറയ്ക്കൽ, ട്രഷറർ മുരളി ബിംബിനോ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികളും വനിതാ വിംഗ്, യൂത്ത് വിംഗ് പ്രവർത്തകരും ചേർന്നാണ് പൂന്തോട്ടത്തെ പരിപാലിക്കുന്നത്.
ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, സെക്രട്ടറി ആകാശ് കുഞ്ഞിരാമൻ എന്നിവരും കഴിഞ്ഞ ദിവസം ചെണ്ടുമല്ലിത്തോട്ടം കാണാനെത്തിയിരുന്നു.